Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News
ലൈഫ് മിഷനിൽ വീടിനായി സെപ്റ്റംബർ 9 വരെ അപേക്ഷിക്കാം
Wednesday, 26 Aug 2020 00:00 am
Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News  | Breaking News

Malanadan TV | Malayora Mekhala News | Mukkom News | Kozhikode News | Latest Kerala News | Malayalam News | Breaking News

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ  പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബര്‍ 9 വരെ നീട്ടി. അര്‍ഹത ഉണ്ടായിട്ടും  വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ആഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പല ഗുണഭോക്താക്കള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച്  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിക്കുവാന്‍ സാധിക്കുന്നില്ലെന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടി നല്‍കാന്‍ തീരുമാനിച്ചത്.   ആഗസ്റ്റ് 1 മുതല്‍ ഇതുവരെ  6,39,857 അപേക്ഷകളാണ് ലഭിച്ചത്.  ഇതില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത    1,81,044 കുടുംബങ്ങളും ഉള്‍പ്പെടും.
www.life2020.kerala.gov.in  എന്ന വെബ്സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഹെല്‍പ് ഡെസ്‌ക് വഴിയോ മറ്റ് ഇന്റര്‍നെറ്റ് സേവന കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.

 

കേരളത്തിന്റെ സമഗ്ര വികസനവും ദുരിതബാധിതര്‍ക്കുള്ള സത്വരക്ഷേമ  നടപടികളും ഉള്‍പ്പെടുന്ന ബഹുമുഖപദ്ധതിയായ നവകേരള മിഷനിലെ പ്രധാന  പദ്ധതിയാണ് ലൈഫ് മിഷന്‍.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ മിഷനിലൂടെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു.

ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ  സര്‍ക്കാര്‍ ഭവന നിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള  വീടുകള്‍ യാഥാര്‍ഥ്യമാക്കുക  എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. ഒന്നാംഘട്ടത്തില്‍ ഇതിനകം  52,296 വീടുകള്‍ നിര്‍മിച്ചു. ഈ ഘട്ടത്തില്‍ ഓരോ ഗുണഭോക്താവിനും വീട് പൂര്‍ത്തിയാക്കുവാന്‍ ആവശ്യമായ തുക നല്‍കിയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒന്നാം ഘട്ടത്തിനായി ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 671 കോടി രൂപയാണ്.
ലൈഫ് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മ്മാണവും മൂന്നാംഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. രണ്ടാംഘട്ടത്തില്‍ രേഖാപരിശോധനയിലൂടെ 1,04,159 ഗുണഭോക്താക്കളാണ് അര്‍ഹത നേടിയത്. ഇവരില്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെട്ടത് 97,830 പേരാണ്. ഇവരില്‍ 81,437 (83.24%) ഗുണഭോക്താക്കള്‍ ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷനിലൂടെ നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണങ്ങള്‍ക്കു പുറമെ പി.എം.എ.വൈ-ലൈഫ് (അര്‍ബന്‍) പദ്ധതി പ്രകാരം 48,445 വീടുകള്‍ പൂര്‍ത്തീകരിക്കുകയും പി.എം.എ.വൈ-ലൈഫ് (റൂറല്‍) പദ്ധതി പ്രകാരം 16,945 വീടുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. മറ്റു വകുപ്പുകള്‍ തുടങ്ങിവച്ച ഭവനനിര്‍മ്മാണ പദ്ധതികളും പൂര്‍ത്തീകരിച്ചുവരുന്നു. പട്ടികജാതി വകുപ്പിനു കീഴില്‍ 19,247 വീടുകളും പട്ടികവര്‍ഗ   വകുപ്പിനു  കീഴില്‍ 1,745 വീടുകളും പൂര്‍ത്തിയായി.


ഫിഷറീസ് വകുപ്പിനു കീഴില്‍ പൂര്‍ത്തിയായത് 4,177 വീടുകള്‍ ആണ്. ഇതുകൂടാതെ ലൈഫ് മൂന്നാംഘട്ടമായ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി 1458 വീടുകള്‍ നിര്‍മിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇതുവരെ പൂര്‍ത്തിയാക്കിയത് 2,25,750 വീടുകളും ചിലവഴിച്ചത് 8068.70 കോടി രൂപയുമാണ്.
കേന്ദ്ര/ സംസ്ഥാന ഭവന പദ്ധതികളും  ലൈഫ് ഭവന പദ്ധതിയും ലൈഫ് മിഷന്‍ മുഖേന ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ഭവന പദ്ധതി നടപ്പിലാക്കുന്നത്. ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ (ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനം) 1,35,769 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തിയിട്ടുണ്ട്.  ഇവര്‍ക്കായി ഭവന സമുച്ചയങ്ങളോ ഭവനങ്ങളോ നിര്‍മ്മിച്ചു നല്‍കുന്നതാണ്. നിലവില്‍ 101 ഭവന സമുച്ചയങ്ങളുടെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ 217 അപ്പാര്‍ട്ടുമെന്റുകളുള്ള ഒരു ഭവന സമുച്ചയം പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിച്ചു. ഇവിടെ അടിമാലി ഗ്രാമപഞ്ചായത്തിലെ 163 ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ താമസിക്കുന്നു. അവര്‍ക്ക് വിവിധ ജീവനോപാധി മാര്‍ഗ്ഗങ്ങളും പ്രൈമറി ഹെല്‍ത്ത് സെന്ററും അംഗന്‍വാടിയും മറ്റ് സേവനങ്ങളും  അവിടെത്തന്നെ ലഭ്യമാക്കിയിട്ടുണ്ട്.  101 ഭവനസമുച്ചയങ്ങളുടെ നിര്‍മ്മാണം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍  ധ്രുതഗതിയില്‍ നടന്നുവരികയാണ്.