
മുക്കം നഗരസഭയില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അനുമതി.
- By --
- Saturday, 22 Aug, 2020
കൃഷിനശിപ്പിക്കുന്ന ശല്യക്കാരായ കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാന്‍ മുക്കം നഗരസഭയില്‍ അനുമതിയായി. ഈ അനുമതി നേടുന്ന കോഴിക്കോട് ജില്ലയിലെ ആദ്യനഗരസഭയാണ് മുക്കം.
കോഴിക്കോട് ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ മുക്കം മണാശ്ശേരി സായ് ദുര്‍ഗവീട്ടില്‍ സി.എം. ബാലനാണ് അനുമതി നല്‍കിയത്.
കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ചുകൊല്ലാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
നാലുപേരുടെ പേരാണ് നഗരസഭാ കൗണ്‍സില്‍യോഗം നിര്‍ദേശിച്ചത്. അതില്‍ സി.എം. ബാലന്റെ തോക്ക് ലൈസന്‍സിന് മാത്രമേ കാലാവധി ഉണ്ടായിരുന്നുള്ളൂ. ഈ പശ്ചാത്തലത്തിലാണ് ഉപാധികളോടെ ഇദ്ദേഹത്തിന് അനുമതി നല്‍കിയത്.
മുലയൂട്ടുന്ന കാട്ടുപന്നികളെ പരമാവധി ഒഴിവാക്കണമെന്നും കാട്ടുപന്നികളെ വെടിവെക്കാന്‍ പോവുമ്പോഴും വെടിവെച്ചതിന് ശേഷവും ഫോറസ്റ്റ് അധികൃതകരെ വിവരമറിയിക്കണമെന്നും നിബന്ധനയുണ്ട്. കാട്ടുപന്നിശല്യം രൂക്ഷമായ സ്ഥലങ്ങളില്‍മാത്രമാണ് വെടിവെക്കാന്‍ അനുമതിയുള്ളത്.
ജഡത്തോട് അനാദരവ് കാട്ടി സാമൂഹികമാധ്യമങ്ങളില്‍ ചിത്രം പ്രചരിപ്പിക്കരുതെന്നും വ്യവസ്ഥയുണ്ട്. അപകടകാരികളായ കാട്ടുപന്നിയെ വെടിവെച്ചുകൊന്നാല്‍ ഇയാള്‍ക്ക് ആയിരംരൂപ പാരിതോഷികം ലഭിക്കും.